ഗ്രൂപ്പ് സിയിലെ ഓസ്ട്രേലിയ-ഡെന്മാര്‍ക്ക് മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ജയത്തോടെ ഡെൻമാർക്ക് നാലു പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
മൽസരം ചൂടുപിടിക്കും മുമ്പ് ഓസ്‌ട്രേലിയയ്ക്കു മേൽ പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ഡെൻമാർക്ക് തുടങ്ങിയത്. ഏഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സൺ ഓസീസ് വലയിൽ പന്തെത്തിച്ചു.
തുടർന്നങ്ങോട്ട് കളത്തിലും ഡെൻമാർക്ക് ആധിപത്യം സ്ഥാപിച്ചു. പിന്നീട് പതിയെ ഓസ്‌ട്രേലിയ പിടിമുറുക്കുന്ന കാഴ്ചയായിരുന്നു. 38-ാം മിനിറ്റിൽ ഓസ്‌ട്രേലിയ ഡെൻമാർക്കിനൊപ്പമെത്തി. യൂസഫ് പോൾസൻ ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജെഡിനാക് യാതൊരു പിഴവും കൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഈ ലോകകപ്പിൽ ജെഡിനാകിന്റെ രണ്ടാം ഗോൾ.
വിഡിയോ അസിസ്റ്റന്റ് റിവ്യൂ സംവിധാനത്തിന്റെ സഹായത്തോടെയാണ് പെനാൽറ്റി ലഭിച്ചത്. 2014 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആകെ മൽസരങ്ങളിൽനിന്നായി 10 പെനൽറ്റികൾ പിറന്നപ്പോൾ, റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പുഘട്ടം പാതിവഴിയെത്തും മുൻപേ പിറന്നത് 11 പെനൽറ്റികളാണ്.
ഗോൾ വീണതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരിച്ചുവന്നു. പന്തടക്കത്തിലെ മേധാവിത്തം ഗോളാക്കി മാറ്റാൻ ഓസ്‌ട്രേലിയയ്ക്കും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലെ മേധാവിത്തം ഗോളാക്കാൻ ഡെൻമാർക്കിനും സാധിച്ചില്ല. ഒടുവിൽ മൽസരം സമനിലയിൽ അവസാനിച്ചു.