ഓര്‍മയിലെ മോഹന കലിക…

 

സ്കൂള്‍ ജിവിതത്തിലെ സിനിമാ ഓര്‍മകളില്‍ എന്നും അദ്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത സിനിമയാണ് ‘കലിക’. അന്നത്തെ പതിവ് ചിട്ടവട്ടങ്ങളില്‍ നിന്നുമാറി ഏറെ പ്രത്യേകതകളുള്ള സിനിമ. സുകുമാരനും ഷീലയുമെല്ലാം അന്നേവരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളായി മുന്നില്‍ ! അക്കാലത്തെ മരംചുറ്റി പ്രേമത്തിന്‍റെയും, സി.ഐ.ഡി ആക്ഷന്‍ സിനിമകളുടെയും ലോകത്ത് ഏറെ പുതുമകളുള്ള കലികയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് കലാകൌമുദിയുടെ ഫിലിം മാഗസിന്‍ എന്ന ഉന്നതനിലവാരം പുലര്‍ത്തുന്ന വാരികയില്‍ നിന്നായിരുന്നു. ഈ സിനിമയുടെ കഥ എഴുതിയ മോഹനചന്ദ്രന്‍ ബി.എം.സി നായര്‍ എന്ന പേരില്‍ നയതന്ത്രരംഗങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖനാണെന്നും അപ്പോള്‍ മനസിലായി. കോളേജ് ജീവിതകാലത്ത് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നാണ് ‘കലിക’ എന്ന നോവല്‍ വായിക്കാന്‍ കിട്ടിയത്. ഒട്ടേറെ വിദേശ രാജ്യങ്ങളില്‍‌ നയതന്ത്ര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എത്ര മനോഹരമായി മാതൃഭാഷ ഉപയോഗിക്കാന്‍ കഴിയുന്നു എന്നത് മോഹനചന്ദ്രന്‍റെ കാര്യത്തില്‍ വിസ്മയകരമാണ്.

പില്‍ക്കാലത്ത് മലയാളമനോരമ പത്രത്തിന്‍റെ ഞായറാഴ്ച പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ‘വേലന്‍ ചെടയന്‍’ വായിക്കാന്‍ ഓരോ ആഴ്ചയും കാത്തിരുന്നത് ഇന്നും ഓര്‍ക്കുന്നു. ഈ നോവല്‍ നമ്മെ വല്ലാതെ വിഭ്രാത്മകമായൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. ”ഒരു സാഹിത്യകാരനേയും അങ്ങോട്ടുചെന്ന് പരിചയപ്പെടരുത്. നിങ്ങള്‍ക്ക് അയാളെക്കുറിച്ചുള്ള സങ്കല്‍പം മാറ്റേണ്ടിവരും” എന്ന പ്രശസ്തനായ ഒരു നിരൂപകന്‍റെ വാക്കുകള്‍ ജീവിതത്തില്‍ പാലിക്കുമ്പോഴും, എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്ന എഴുത്തുകാരനായിരുന്നു മോഹനചന്ദ്രന്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമുഖം നടത്തണമെന്നും ആഗ്രഹിച്ചിരുന്നു. ചെന്നൈയിലെ ഞങ്ങളുടെ മാധ്യമകുലപതിയായ പി.കെ ശ്രീനിവാസന്‍ സാര്‍ മോഹനചന്ദ്രന്‍റെ അടുത്ത സുഹൃത്താണെന്ന കാര്യം പിന്നീടാണറിഞ്ഞത്. കൂട്ടുകാരോട് രാത്രി വൈകുവോളം ഇരുന്ന് സംസാരിക്കാനും അവരെ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കി സല്‍ക്കരിക്കാനും അദ്ദേഹം കാണിച്ചിരുന്ന താല്‍പര്യത്തെക്കുറിച്ചും ശ്രീനി സാര്‍ എപ്പോഴും വാചാലനാകുമായിരുന്നു.

അവിചാരിതമായി അദ്ദേഹം വിടവാങ്ങിയപ്പോള്‍ മലയാളി സമൂഹം അദ്ദേഹത്തിന് നല്‍കിയ ആദരത്തെക്കുറിച്ച് ഇനിയും ചിന്തിക്കേണ്ടതുണ്ട്. മലയാള മാധ്യമങ്ങള്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെ നല്‍കിയപ്പോള്‍ നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളും സാഹിത്യലോകവും മോഹനചന്ദ്രനെ ഓര്‍ത്തോ എന്ന് സംശയമാണ്. ഏതെങ്കിലും പ്രമുഖര്‍ അന്തരിച്ചാല്‍ ‘പരേതനും ഞാനും കൂടി’ എന്ന രീതിയില്‍ ലേഖനങ്ങള്‍ എഴുതുന്ന സോ കാള്‍ഡ് സാംസ്കാരിക നായകന്മാര്‍ മോഹനചന്ദ്രന്‍ എന്ന സാഹിത്യകാരനെക്കുറിച്ച് ഒന്നും എഴുതിക്കണ്ടില്ല. ഇതിന് ഒരപവാദം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ മാത്രമാണ്. ഒരു പ്രമുഖ പത്രത്തില്‍ മോഹനചന്ദ്രനെക്കുറിച്ച് അദ്ദേഹം ഹൃദയസ്പര്‍ശിയായ ഒരു ലേഖനം തന്നെ എഴുതിയിരുന്നു. പു.ക.സായില്‍ അംഗമല്ലാത്തുകൊണ്ടാണോ എന്നറിയില്ല, ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും ഒരു റീത്ത് വെച്ചതായി കേട്ടില്ല. വിദേശകാര്യ സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം ചെന്നൈയിലാണ് താമസിച്ചിരുന്നത് എന്ന മുടന്തന്‍ ന്യായം ഇതിനും സര്‍ക്കാര്‍ നല്‍കുമായിരിക്കും.

കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ഥാനപതി ആയിരുന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ നല്‍കിയ ബി.എം.സി നായര്‍ എന്ന നയതന്ത്ര വിദഗ്ധനെ ഒരു പ്രവാസി സംഘടനയും അനുസ്മരിച്ചതായും കണ്ടില്ല. സ്വന്തം നോവലുകളിലെ നിറഞ്ഞ കഥാപാത്രങ്ങളെപ്പോലെ മോഹനചന്ദ്രനും വിടവാങ്ങി.

വിണ്ണിലെ താരങ്ങള്‍ ഒരുനാള്‍ എങ്ങോപോയി മറയുമെന്നത് പ്രപഞ്ചസത്യം. പക്ഷെ ജീവിതയാഥാര്‍ഥ്യത്തിന്‍റെ വിഹ്വലതകളെ, ദുരൂഹതകളെ, അതീന്ദ്രിയമായ അനുഭൂതികളെ സ്വന്തം കൃതികളിലൂടെ പകര്‍ന്നുതന്ന മോഹനചന്ദ്രന്‍ എന്ന എഴുത്തുകാരന് പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ മരണമില്ല. കാണാന്‍ ആഗ്രഹിച്ചിട്ടും കാണാന്‍ സാധിക്കാതെപോയ പ്രിയപ്പെട്ട എഴുത്തുകാരാ, അങ്ങേയ്ക്ക് സ്വസ്തി.

rajmohan d.skalikamudra
Comments (0)
Add Comment