ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനില്‍ നിന്നും മൊഴിയെടുത്തു: നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന് രാഘവന്‍

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെയുള്ള ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുത്തു. ഇന്ന് രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസിപി പി. വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പരാതികളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. എം കെ രാഘവന്‍ നല്‍കിയ പരാതിയും എല്‍ഡിഎഫ് നല്‍കിയ പരാതിയുമാണ് അന്വേഷിക്കുന്നത്.

ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലും അന്വേഷണത്തിന്റെ പരിധിയിലാണെന്ന് പോലീസ് വ്യക്തമാക്കി. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കും. ചാനല്‍ മേധാവിയില്‍നിന്നും റിപ്പോര്‍ട്ടറില്‍നിന്നും മൊഴിയെടുക്കും. പരാതികളില്‍ അന്വേഷണം തുടരുമെന്ന് ഡിസിപി വാഹിദ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയാണ് സംഘം തന്നെ സമീപിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും ചോദിച്ചു. പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും രാഘവന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായി മൊഴി കൊടുത്ത ശേഷം എം.കെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും നീതിന്യായ കോടതിയും ജനകീയ കോടതിയും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

election 2019udf candidateMK Raghavan
Comments (0)
Add Comment