പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത് കേന്ദ്രസർക്കാറിന്റെ പരിഗണനയിൽ. നേരത്തെ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഓഹരികൾ വാങ്ങാൻ ആരും വന്നിരുന്നില്ല. ഇതോടെയാണ് സർക്കാർ കമ്പനിയുടെ പൂർണ സ്വകാര്യവത്കരണത്തെക്കുറിച്ച് ആലോചിക്കുന്നത്.
എയർ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടി പുനഃപരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ചന്ദ്ര ഗാർഗ് പറഞ്ഞു. വിവിധ സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണ്. എന്നാൽ 24 ശതമാനം ഓഹരികൾ സർക്കാർ നിയന്ത്രണത്തിലുണ്ടാവണമെന്ന് നിഷ്കർഷിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് എയർ ഇന്ത്യ സർക്കാർ പൂർണമായും കൈയൊഴിയുമെന്ന സൂചന നൽകുന്നത്. നിലവിൽ 48,000 കോടിയാണ് എയർ ഇന്ത്യയുടെ ബാധ്യത.