എയര്‍പോര്‍ട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ‘ഫ്ളൈ ബസ്’ സര്‍വീസ്

Jaihind News Bureau
Tuesday, July 3, 2018

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകള്‍ സർവീസ് ആരംഭിക്കുന്നു. ‘ഫ്ളൈ ബസ്’ എന്ന പേരിലാണ് സർവീസുകൾ ആരംഭിക്കുന്നത്.

പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി, സെൻട്രൽ ബസ് സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കും. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ളൈ ബസുകൾ ലഭ്യമാണ്.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ളൈ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഫ്ളൈ ബസുകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി രാജേന്ദ്രനാണ്. എയർപോർട്ടിൽ നിന്നുള്ള അധിക സർചാർജ് ഈടാക്കാതെ സാധാരണ എ.സി ലോ ഫ്ളോര്‍ ബസുകളുടെ ചാർജുകൾ മാത്രമേ ഈടാക്കുന്നുള്ളൂ. ഫ്ളൈ ബസുകളുടെ സര്‍വീസിന്‍റെ സംസ്ഥാനതല ഫ്ളാഗ്ഓഫ് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം രാജ്യാന്തര
വിമാനത്താവളത്തിൽ നടക്കും.