ഇന്ന് കർക്കടകവാവ്. സ്‌നാനഘട്ടങ്ങളിൽ പിതൃക്കളുടെ മോക്ഷത്തിനായി ബലിതർപ്പണം നടക്കുന്നു. പുലർച്ചയോടെ തന്നെ ബലിതർപ്പണചടങ്ങുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ മഴക്കെടുതിയുടെ അടിസ്ഥാനത്തിൽ കനത്തസുരക്ഷയിലാണ് ഇക്കൊലത്തെ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം കർക്കടക വാവുബലി തർപ്പണം നടന്നു. ബലിതർപ്പണത്തിന് ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേർന്ന തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, ആലുവ ശിവക്ഷേത്രം, ശംഖുംമുഖം കടൽ തീരം എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കങ്ങളായിരുന്നു പിതൃതർപ്പണം നടത്താനായി ക്രമീകരിച്ചിരുന്നത്.
അതേസമയം കനത്ത മഴ തുടർന്ന സാഹചര്യത്തിൽ ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ റോഡിലേക്ക് മാറ്റിയിരുന്നു. ഇടുക്കി അണക്കെട്ട് തുറന്നതോടെ ക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയിരുന്നു. പോലീസും, ഫയർഫോഴ്‌സും എല്ലാ വിധ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരുന്നത്. പുഴയിൽ ഇറങ്ങുന്നവർക്ക് പോലീസ് കർശന നിയന്ത്രണവും എർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ബാരിക്കേഡും വടം ഉപയോഗിച്ച് പുഴയിലിറങ്ങുന്നത് പോലീസ് തടഞ്ഞു. 50 ാളം ബലിതർപ്പണ തറകളിലാണ് ബലികർമ്മങ്ങൾ നടന്നത്. ബലിയിടാനെത്തുന്നവർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭക്തർ സംതൃപ്തരായാണ് മടങ്ങുന്നതെന്നും സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
https://www.youtube.com/watch?v=z1ECHpPJSqg
കോഴിക്കോട് ജില്ലയിലെ വിവിധ തീർത്ഥകടവുകളിൽ പതിനായിരങ്ങൾ ബലിതർപ്പണംനടത്തി. രാവിലെ മഴ മാറിനിന്നതിനാൽ ബലിതർപ്പണത്തിനെത്തിയവർക്ക് അത് ആശ്വാസമായി മാറി. ജില്ലയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ വൈകിട്ട് ആറു മുതൽ തന്നെ ബലിതർപ്പണം ആരംഭിച്ചിരുന്നു.
ബലിതർപ്പണത്തിനെത്തുന്നവർക്കായി ക്ഷേത്രകമ്മിറ്റികളുടെയും ബലിതർപ്പണ സമിതികളുടെയും നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങൾഒരുക്കിയിരുന്നു. വരയ്ക്കൽ കടപ്പുറത്ത് ആയിരങ്ങളാണ് ബലിയിടാൻ എത്തിയത്. തൊടിയിൽ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബലിതർപ്പണത്തിന് കോഴിക്കോട് ശ്രേഷ്ഠാചാരസഭ ആചാര്യന്മാരും മേൽശാന്തിയും കാർമ്മികത്വം വഹിച്ചു.
മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ 2 മണിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.16 ശാന്തിമാരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.പതിനായിരക്കണക്കിന് ഭക്തരാണ് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തത്. ഭാരതപുഴയിൽ വെള്ളം കയറിയ സാഹചര്യത്തിൽ കനത്തസുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.
https://www.youtube.com/watch?v=wMO7tvTZVV0