ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. 2014 ൽ ഇംഗ്ലണ്ടിന്റെ മണ്ണിൽ ഏറ്റ ദയനീയ പരാജയത്തിന് കണക്ക് തീർക്കാൻ വേണ്ടിയാകും ഇന്ത്യ ബർമിംഗ്ഹാമിൽ ഇറങ്ങുന്നത്.
ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാമതുമാണ്. 2014ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ വൻ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മഹേന്ദ്രസിംഗ് ധോണിക്ക് കീഴിൽ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ പരമ്പരയിൽ 3-1 ന് തകർന്നടിഞ്ഞു. അന്ന് ടീമിലുണ്ടായിരുന്നു കോഹ്ലി മോശം പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് 134 റൺസ് മാത്രമാണ് കോഹ്ലി പരമ്പരയിൽ നേടിയത്. അതിനാൽ നാളത്തെ പര്യേടനത്തിലെ കോഹ്ലിയുടെ പ്രകടനമാവും ബർമിംഗ്ഹാമിൽ നിർണായകമാവുക. കോഹ്ലിയുടെ കീഴിൽ മികച്ച പ്രകടനമാണ് സമീപ കാലങ്ങളിൽ ഇന്ത്യ ടെസ്റ്റിൽ കാഴ്ചവെക്കുന്നത്.
അതേസമയം ക്രിക്കറ്റ് ചരിത്രത്തിൽ 1000 ടെസ്റ്റ് മത്സരം കളിക്കുന്ന കളിക്കുന്ന ആദ്യ ടീം എന്ന നേട്ടം ഇംഗ്ലണ്ടിന് സ്വന്തമാവും. 1877 മാർച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. കളിച്ച 999 ടെസ്റ്റ് മത്സരങ്ങളിൽ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ 345 എണ്ണം സമനിലയിൽ അവസാനിച്ചു.
ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് നടക്കുന്ന ബർമിംഗ്ഹാമിൽ 50 മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. അതിൽ 27 മത്സരം വിജയിച്ചപ്പോൾ എട്ട് പരാജയം ടീം ഏറ്റുവാങ്ങി. 15 മത്സരങ്ങളാണ് സമനിലയിൽ അവസാനിച്ചിട്ടുള്ളത്.
ആകെ 5 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് പരമ്പരയെ നോക്കി കാണുന്നത്.