ഇന്ത്യയുമായുള്ള നിര്‍ണായക ചര്‍ച്ചയില്‍ നിന്ന് യു.എസ് പിന്മാറി

Jaihind News Bureau
Thursday, June 28, 2018

അടുത്തയാഴ്ച ഇന്ത്യയുമായി വാഷിംഗ്ടണില്‍ നടക്കാനിരുന്ന നിർണായക ഉഭയകക്ഷിചർച്ചയിൽ നിന്ന് യു.എസ് പിന്മാറി. ‘ഒഴിവാക്കാനനാകാത്ത’ ചില കാരണങ്ങളാലാണ് പിന്മാറ്റമെന്ന് യു.എസ് വ്യക്തമാക്കി. കൂടിക്കാഴ്ച മാറ്റിവെച്ചതാണെന്നും റദ്ദാക്കിയതുമല്ലെന്നുമാണ് യു.എസ് വിശദീകരണം.

ഇതു സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു. ചർച്ച മാറ്റിവെച്ചതിൽ പോംപിയോ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. മാറ്റിവച്ച ചർച്ച എത്രയും പെട്ടെന്നു നടത്തുന്നത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. ചർച്ച എവിടെ, എന്ന് നടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നനടത്താനിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെ പരിഹരിക്കാനുള്ള നിർണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്.
ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു ചർച്ച.

കഴിഞ്ഞ വർഷം ജൂണിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു ചർച്ചയ്ക്ക് തീരുമാനമായത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദേശം വന്നതിന് തൊട്ടുപിന്നാലെയാണിപ്പോള്‍ കൂടിക്കാഴ്ച മാറ്റിവെക്കാനുള്ള തീരുമാനം.