ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾകൾക്കാണ് ക്രൊയേഷ്യയുടെ ജയം. ഇഞ്ചുറി ടൈമും കടന്ന് അധികസമയത്തിലേക്ക് നീണ്ട മൽസരത്തിൽ മാൻസുകിച്ചാണ് ക്രൊയേഷ്യയുടെ വിജയഗോൾ നേടിയത്.
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. അങ്ങിനെ കറുത്ത കുതിരകൾ കരുത്ത് കാട്ടിയപ്പോൾ ഇംഗ്ലീഷ് പടയ്ക്ക് ഫൈനൽ കാണാനായില്ല. ക്രൊയേഷ്യയെ വിറപ്പിച്ചുകൊണ്ടാണ് ഇംഗ്ലീഷുകാർ തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ അമ്പരപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടിന്റെ സെറ്റ് പീസ്. ഡെലെ അലിയെ, ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് കീറൻ ട്രിപ്പിയറിലൂടെ ക്രൊയേഷ്യൻ കാവൽക്കാരൻ സുബ്ബാസിച്ചിനെ കാഴ്ചക്കാരനാക്കി വലയിൽ പറന്നിറങ്ങി.
രണ്ടാം പകുതിയിൽ കളം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കറുത്ത കുതിരകൾ. ഇതിനിടെ ഇംഗ്ലണ്ട് താരം കെൽ വാൽക്കറിനായി റഫറി മഞ്ഞക്കാർഡും പുറത്തെടുത്തു. അറുപത്തി എട്ടാം മിനിറ്റിൽ ഇംഗ്ലീഷുകാർക്ക് അതേ നാണയത്തിൽ തിരിച്ചടി. സമെവ്രാസാൽകോയുടെ അത്യുഗ്രൻ ക്രോസിന് ഇവാൻ പെരിസിച്ചെന്ന ഭാവനാ സമ്പന്നൻ വഴികാട്ടി. ക്ലോസ് റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിൽ വിശ്രമിച്ചു. ഇരുവരും ഒപ്പത്തിനൊപ്പം. പിന്നീട് ആക്രമണ പ്രത്യാക്രമണങ്ങളാൽ മൈതാനം യുദ്ധക്കളമായി. പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ നിർഭാഗ്യം കറുത്ത കുതിരകളെ ചുറ്റിപ്പറ്റുന്നുണ്ടെന്നു കരുതി.
മൽസരം ഇഞ്ചുറി ടൈമും കടന്ന് അധിക സമയത്തിലേക്ക്. എക്ട്രാ ടൈമിന്റെ ആദ്യപകുതിയും ഗോൾ രഹിതം. പരിശീലകർ മാറി മാറി പലരേയും പരീക്ഷിച്ചുകൊണ്ടേയിരുന്നു. റബ്ബിച്ചിന് മഞ്ഞക്കാർഡും കിട്ടി.
109-ാം മിനിറ്റിൽ ഇംഗീഷുകാരുടെ തലവര മാറി. പെരീസിച്ചിൽ നിന്നും പുറപ്പെട്ട പന്തിന് കാൽ വച്ചത് മാൻസൂക്കിച്ചെന്ന ക്ലിനിക്കൽ ഫിനീഷർ. പിറ്റ്ഫോർഡിന്റെ കോട്ടയിൽ വിള്ളലുണ്ടാക്കി പന്ത് വലയിൽ. ഇംഗ്ലീഷുകാരുടെ സ്വപ്നം വീണുടഞ്ഞ നിമിഷം.
അങ്ങിനെ 90ലെ ചരിത്രം ആവർത്തിച്ച് അവർ മടങ്ങുകയാണ്. യുവത്വത്തിന്റെ ചുറുചുറുക്കുണ്ട് നിങ്ങൾക്ക്. വളർന്ന് പാകമായി തിരിച്ചുവരാൻ സമയവും. അതുകൊണ്ടാകാം കാലം ചരിത്രമെഴുതാനുള്ള അവരുടെ തീരുമാനത്തിനൊപ്പം നിലകൊണ്ടത്.