ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ‘ട്വന്‍റി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്ന് തകർപ്പൻ വിജയം സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും സ്പിന്നർ കുൽദീപ് യാദവിന്റെ തകർപ്പൻ ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 159 റൺസിലൊതുങ്ങുകയായിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തി കുൽദീപ് അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം തന്നെ മാഞ്ചസ്റ്ററിൽ കാഴ്ചവെക്കുകയായിരുന്നു. നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് കുൽദീപ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ഉമേഷ് യാദവ് രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
46 പന്തിൽ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെ 69 റൺസെടുത്ത വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ്‌സ്‌കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായത് ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ രാഹുൽ ടീം ഇന്ത്യയെ ചുമലിലേറ്റുകയായിരുന്നു. 54 പന്തിൽ നിന്ന് 101 റൺസുമായി പുറത്താകാതെ നിന്ന രാഹുലിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 18.2 ഓവറിൽ 8 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. 10 ബൗണ്ടറികളുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രാഹുൽ മിന്നും ശതകം തികച്ചത്.
ആദ്യ ഓവറിൽ ശിഖർ ധവാനെ പുറത്താക്കുവാൻ സാധിച്ചതൊഴിച്ചാൽ ഇംഗ്ലണ്ട് ബൗളർമാർക്ക് മത്സരത്തിൽ യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. 32 റൺസ് നേടിയ രോഹിത് ശർമ പുറത്താകുമ്പോൾ 30 റൺസ് അകലെയായിരുന്നു ഇന്ത്യൻ ജയം . 123 റൺസാണ് രണ്ടാം വിക്കറ്റിൽ രോഹിത്-രാഹുൽ കൂട്ടുകെട്ട് നേടിയത്. വിരാട് കോഹ്‌ലി 20 റൺസ് നേടി.