ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് തിരിച്ചടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി.
ഒന്നാം ടെസ്റ്റിൽ നേടിയ 200 റൺസിന്റെ പിൻബലത്തിൽ ലോക ഒന്നാം നമ്പറായ വിരാട് കോഹ്ലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോഹ്ലിക്ക് ഇപ്പോൾ 919 പോയിന്റാണുള്ളത്. മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലോർഡ്സിൽ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്കോർ. അതേസമയം, അടുത്ത ടെസ്റ്റുകളിൽ ഫോമിലെത്തിയാൽ കോഹ്ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാകും. സ്മിത്തിനുള്ള വിലക്ക് കാരണം കോഹ്ലിക്ക് ഇത് എളുപ്പമാകുമെന്നാണ് വിലയിരുത്തലുകൾ.
ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യൻ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ആം റാങ്കിലെത്തി. ദിനേഷ് കാർത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ആം റാങ്കിലാണ്. സ്പിന്നർ കുൽദീപ് യാദവ് എഴുപതാം റാങ്കിലെത്തി. ഇതിനിടെ തന്ത്രങ്ങളുടെ പോരായ്മയും ടീം സെലക്ഷനിലെ പാകപ്പിഴകളുമാണ് തോൽവിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിക്കെതിരേയും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരേയും രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തി. ശാസ്ത്രിയെ പുറത്താക്കി കുംബ്ലെയെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി വീണ്ടും നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. തുടർതോൽവികളിൽ ബിസിസിഐ പരിശീലകരോടും ക്യാപ്റ്റനോടും വിശദീകരണം ചോദിച്ചേക്കും