പ്രളയക്കെടുതിയിൽ കഴിയുന്നവരുടെ കണ്ണീരൊപ്പി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വതസിദ്ധമായ രീതിയിൽ തികച്ചും സാധാരണക്കാരനായി രാഹുൽ ആളുകളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ക്യാമ്പിൽ അത് ആശ്വാസത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കമായി.
കനത്ത സുരക്ഷയെ വകവെക്കാതെ പതിവ് രീതിയിൽ തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടെ ക്യാമ്പുകളിലൂടെയുള്ള യാത്ര. പ്രളയം തകർത്ത ജീവിതങ്ങൾക്ക് രാജ്യം കണ്ട മികച്ച നേതൃപാരമ്പര്യത്തിന്റെ ഇളമുറക്കാരനെ കണ്ടപ്പോൾ കണ്ണുകളിൽ ആശ്വാസത്തിന്റെ ഈറൻ പൊടിഞ്ഞു. സുരക്ഷാ പ്രവർത്തകരുടെയോ കമാൻഡോകളുടെയോ വലയമായിരുന്നില്ല രാഹുൽ ഗാന്ധിക്ക് ചുറ്റും..
പ്രളയം കൊണ്ട് മുറിവേറ്റവരുടെ സങ്കടവലയത്തിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മണിക്കൂറുകൾ. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം രാഹുൽ ഗാന്ധിയിൽ ആശ്രയം കണ്ടു, സങ്കടങ്ങളും ആവലാതികളും പങ്കുവെച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്വീകരിക്കാനെത്തിയ നേതാക്കളെ തന്റെ കാറിലേക്ക് വിളിച്ചു കയറ്റി. ഉമ്മൻചാണ്ടിയെ കാറിലേക്ക് കൈപിടിച്ചു കയറ്റിയ ശേഷമാണ് അദ്ദേഹം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടത്.
യാത്രയ്ക്കിടെ ഒട്ടും പ്രതീക്ഷിക്കാതെ റോഡിലിറങ്ങി അഭിവാദ്യം ചെയ്തത് പ്രവർത്തകരെ വരെ അതിശയിപ്പിച്ചു. സുരക്ഷക്കായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പിൽ പോയെങ്കിലും തന്റെ വാഹനം നിർത്താൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു. പ്രവർത്തകരോട് കുറച്ച് നേരം സംസാരിച്ചാണ് അദ്ദേഹം തിരികെ വാഹനത്തിൽ കയറിയത്. എന്നും രാഹുൽഗാന്ധി ഇങ്ങനെത്തന്നെയാണ്, സുരക്ഷയുടെ വൻ മതിൽക്കെട്ടുകളെ ഭേദിച്ച് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രകൃതം തന്നെയാണ് ഈ നേതാവിനെ വ്യത്യസ്ഥനാക്കുന്നത്.