20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റഷ്യയെ തോല്പിച്ച് ക്രൊയേഷ്യ ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലിലേക്ക്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ റഷ്യയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ചാണ് ക്രൊയേഷ്യ സെമി ബര്‍ത്ത് ഉറപ്പിച്ചത്.
വിപ്ലവം സൃഷ്ടിക്കാൻ തീരുമാനിച്ചായിരുന്നു ആതിഥേയർ എത്തിയത്. പക്ഷേ കറുത്ത കുതിരകളെ പിടിച്ചു കെട്ടാൻ അവർക്കായില്ല. ക്രൊയേഷ്യൻ നിരയെ വിറപ്പിച്ചുകൊണ്ട് അവർ കീഴടങ്ങി. മുപ്പതാം മിനിറ്റിൽ റഷ്യൻ ആക്രമണം ലക്ഷ്യം കണ്ടു. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബ്ബാസിച്ചിനെ കാഴ്ചക്കാരനാക്കി സ്യൂബയുടെ പാസിൽ ചെറിഷേവിന്റെ ലോംഗ് റേഞ്ചർ പോസ്റ്റിനുള്ളില്‍ വിശ്രമിച്ചു.
ഒൻപത് മിനിറ്റ് നീണ്ട റഷ്യൻ ആഘോഷം 39-ാം മിനിറ്റിൽ അവസാനിച്ചു. മാൻസൂക്കിച്ചിന്റെ മുന്നേറ്റം ക്രമാരിച്ച് സഭലമാക്കി. പിന്നീട് ക്രൊയേഷ്യക്കാർ ആധിപത്യം സ്ഥാപിച്ചു. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. മൽസരം ഇഞ്ചുറി ടൈമും കടന്ന് എക്ട്രാ ടൈമിലേക്ക്. അധിക സമയത്തിൽ നൂറാം മിനിറ്റിൽ ലൂക്കാമോഡ്രിച്ചിന്റെ ക്രോസിൽ തലവച്ച് വിദ ക്രൊയേഷ്യക്ക് ലീഡ് നൽകി.
115-ാം മിനിറ്റിൽ റഷ്യ മറുപടി നൽകി ഒപ്പത്തിനൊപ്പമെത്തി. സഗോയേവിന്റെ ഫ്രീക്കിക്ക് ഫെർണാണ്ടസ് വലയിലെത്തിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മൽസരത്തിൽ മൂന്നിനെതിരെ നാലിന് റഷ്യക്കുമേൽ ക്രൊയേഷ്യ വിജയം നേടി. ഒപ്പം ഒരു ആതിഥേയ ടീമിനേയും ഇതുവരെ തോൽപിച്ചിട്ടില്ല എന്ന ചരിത്രം തിരുത്തിക്കൊണ്ട് കറുത്ത കുതിരകൾ സെമിഫൈനലിലേക്ക്.