അസാധു നോട്ട് വിവാദത്തിൽ അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. അമിത് ഷായ്ക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. അമിത്ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ബാങ്ക് കൈവരിച്ച നേട്ടത്തിന് അഭിനന്ദനങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു.
നോട്ട് നിരോധനത്തിന്റെ മറവിൽ കോടികളുടെ ക്രമക്കേട് നടത്തിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കാനാണ് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകൾ എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാസഹകരണ ബാങ്കിലാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ വെല്ലുവിളി.
നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളിൽ 745.58 കോടി രൂപയുടെ അസാധു നോട്ടുകളാണ് ബാങ്കിലെത്തിയത്. ബി.ജെ.പി നേതാക്കൾ ഭാരവാഹികളായ രാജ്‌കോട്ട്, സൂറത്ത്, സബർകാന്ത് എന്നിവിടങ്ങളിലുൾപ്പെടെയുള്ള 11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തി.
ട്വിറ്ററിൽ അമിത് ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ‘പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള മൽസരത്തിൽ ഒന്നാമതെത്തിയതിന് അഭിനന്ദനങ്ങളെ’ന്ന് അദ്ദേഹം കുറിച്ചു.
‘അമിത് ഷാ, ഡയറക്ടർ, അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. അഞ്ചു ദിവസത്തിനുള്ളിൽ 750 കോടി! നോട്ട് അസാധുവാക്കലിനെത്തുടർന്ന് കോടിക്കണക്കിനാളുകളുടെ ജീവിതം തകർന്നു. താങ്കളുടെ ‘നേട്ട’ത്തിനു സല്യൂട്ട്’ എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വരും ദിനങ്ങളിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം.