മോദി സർക്കാരിനെതിരായ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം. സർക്കാരിന്റെ വാഗ്ദാന ലംഘനം മുതൽ റാഫേൽ ഇടപാടിലെ അഴിമതിവരെ രാഹുൽ തന്റെ പ്രസംഗത്തിൽ തുറന്നുകാട്ടി.
കണക്കിലെ കളിയിൽ അനുകൂലമാകില്ലെങ്കിലും സർക്കരിൻരെ ഭരണ പരാജയം തുറന്നുകാട്ടുന്നതായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയിലെ രാഹുലിന്റെ പ്രസംഗം. അധ്യക്ഷ പദവിയിൽ എത്തിയ ശേഷമുള്ള രാഹുലിന്റെ ഉജ്ജ്വല പ്രകടനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലടക്കം വലിയ പിൻതുണയും ലഭിച്ചു കോൺഗ്രസ് അധ്യക്ഷന്. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ മുതൽ റാഫേൽ ഇടപാടിലെ കള്ളക്കളിവരെ രാഹൽ തുറന്നുകാട്ടി. റാഫേൽ ഇടപാടിൽ പ്രധാന മന്ത്രിക്കെതിരെ ഗുരുതരമായ അഴിമതി ആരോചണവും രാഹുൽ ഉന്നയിച്ചു.
നോട്ട് നിരോധനത്തിലെ പൊള്ളത്തരവും അഴിമതിയും രാഹുൽ അക്കമിട്ട് നിരത്തി. സ്ത്രീ സുരക്ഷ ദളിത്പീഡനം തുടങ്ങി മോദിസർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞു. രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം ലോകസഭ ചില നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. പ്രസംഗശേഷം പ്രധാന മന്ത്രിയുടെ ഇരിപ്പിടത്തിനടുത്ത് എത്തിയ രാഹുൽ ഗാന്ധി മോദിയോട് എഴുന്നേൽക്കാൻ അഭ്യർഥിച്ചു. ഇത് വിസമ്മതിച്ച പ്രധാനമന്ത്രിയെ രാഹുൽ കെട്ടിപ്പിടിച്ചു.
തുടർന്ന് ഇരുവരുടെയും കുശലം പറച്ചിൽ. അതിനുശേഷമാണ് രാഹുൽ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. വളരെ കൗതുകത്തോടെയാണ് സഭ ഈ രംഗങ്ങൾ വീക്ഷിച്ചത്.
ആശയപരമായി വിയോജിക്കുമ്പോളും സ്നേഹിക്കാൻ പഠിപ്പിക്കുന്ന കോൺഗ്രസ് സംസ്ക്കാരത്തെ ഓർമ്മിപ്പിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ അപ്രതീക്ഷിത നീക്കം.