‘അമ്മ’യ്ക്കെതിരെ വ്യാപക പ്രതിഷേധം

താരസംഘടനയായ അമ്മക്കെതിരെ ഇന്നും കൂട്ടവിമർശനം. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് പെട്ടെന്നുള്ള തീരുമാനമല്ലെന്ന് പി.ടി തോമസ് എം.എൽ.എ. തീരുമാനം തിടുക്കത്തിലായി പോയെന്ന് സംവിധായകനും നടനുമായ ലാൽ അഭിപ്രായപ്പെട്ടു. അതേസമയം പരസ്യവിമർശനത്തിൽ ആഷിഖ് അബുവിന് എതിരെ നടപടി വേണ്ടെന്ന് ഫെഫ്ക യോഗം തീരുമാനിച്ചു.

ദിലീപിനെ തിരിച്ചെടുക്കാൻ വലിയ രീതിയിലുള്ള ആലോചനകൾ നടന്നിട്ടുണ്ടെന്ന് പി.ടി തോമസ് എംഎൽഎ പറഞ്ഞു. ഇരയ്ക്ക് ഒപ്പമാണെന്ന സി.പി.എം നിലപാട് കാപട്യമാണ്. ഇടതുമുന്നണിയുടെ എം.പിയായ ഇന്നസെന്റും എം.എൽ.എമാരായ മുകേഷും ഗണേഷ് കുമാറും എടുത്ത നിലപാടുകൾ സി.പി.എം പിന്തുണയോടെയാണെന്നും പി.ടി തോമസ് കൊച്ചിയിൽ ആരോപിച്ചു.

ദിലീപിനെ പുറത്താക്കാനും തിരിച്ചെടുക്കാനുമുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് സംവിധായകനും നടനുമായ ലാൽ പ്രതികരിച്ചു. നടിമാരുടെ രാജി വ്യക്തിപരമായ കാര്യമാണെന്നും ലാൽ അഭിപ്രായപ്പെട്ടു.

ഇത് സംബന്ധിച്ച് അമ്മയുടെ ഔദ്യോഗിക ഭാരവാഹികളാണ് പ്രതികരിക്കേണ്ടതെന്ന് പറഞ്ഞ് നടൻ ജയസൂര്യ ഒഴിഞ്ഞുമാറി.

അതേസമയം കൊച്ചിയിൽ ചേർന്ന ഫെഫ്കയിലെ സംവിധായകരുടെ യോഗം സംഘടന നടിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. സംഘടനാ രീതിക്ക് ചേരാത്ത രീതിയിൽ വിമർശനം ഉന്നയിച്ചതിന് സംവിധായകൻ ആഷിഖ് അബുവിനോട് വിശദീകരണം ചോദിച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. എന്നാൽ ആഷിഖ് അബുവിന് എതിരെ നടപടി എടുക്കുന്നില്ലെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി.

amma
Comments (0)
Add Comment