ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഘടനയ്ക്ക് അകത്തും പുറത്തും അമർഷം പുകയുമ്പോൾ നിലപാട് വ്യക്തമാക്കാൻ അമ്മ നേതൃത്വത്തിനും സമ്മർദം ഏറുകയാണ്. അതിനിടെ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നുവെന്ന് ഇടവേള ബാബു പോലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്ത് വന്നു.
നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ തിരിച്ചെടുത്തതിന് വ്യക്തമായ ന്യായീകരണം അമ്മ നേതൃത്വത്തിന് ഇല്ല. ദിലീപിനെ പുറത്താക്കുമ്പോഴുള്ള സാഹചര്യത്തിന് ഇപ്പോൾ എന്ത് മാറ്റമാണുണ്ടായത് എന്ന ചോദ്യത്തിനും ഉത്തരമില്ല. നാല് നടിമാർ അമ്മയിൽ നിന്ന് രാജിവെച്ചിട്ടും അമ്മ ഭാരവാഹികൾക്ക് പ്രതികരണമില്ല.
അതിനിടെയാണ് അമ്മയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മുൻപ് പോലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്തുവരുന്നത്. സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി തർക്കമുണ്ടായി. നടി തന്നോട് പരാതിപ്പെട്ടിരുന്നു. പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നുവെന്നും ഇടവേള ബാബു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക ദിലീപിനെ തിരിച്ചെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. കോടതിയുടെ അന്തിമ തീരുമാനം വരും വരെ ഫെഫ്ക നിലപാടിൽ മാറ്റമില്ലെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. ദിലീപിനെ തിരിച്ചെടുക്കാൻ മുൻകൈ എടുത്ത ഇടത് എം.എൽ.എമാരായ മുകേഷിനും ഗണേഷിനും എതിരെയും പ്രതിഷേധം ശക്തമാവുകയാണ്. വനിതാ കമ്മീഷൻ അധ്യക്ഷ ഇരുവർക്കുമെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു.
മുകേഷിനെ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യമുയർന്നു. ഇക്കാര്യം ഉന്നയിച്ച് സംവിധായകൻ ദീപേഷ് സാംസ്‌കാരിക മന്ത്രിക്ക് കത്തയച്ചു.