മഹാരാജാസ് കോളജ് വിദ്യാർഥി എം അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താൻ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. കൊലയാളി ഉൾപ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേർ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെ തുടർന്നാണിത്.
കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകിയത്. ഇതിനിടയിലാണ് കൊലയാളി സംഘത്തിലെ മൂന്നുപേർ വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു. അത് പോലീസിന്റെ ജാഗ്രതക്കുറവാണെന്ന് ആക്ഷേപമുണ്ട്.
കൊച്ചിയിൽനിന്ന് റോഡ് മാർഗം ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശത്തേക്കു കടന്നതായാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് വ്യാജ പാസ്‌പോർട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു. കൊലയാളി സംഘത്തിന് നേതൃത്വം നൽകിയത് നെട്ടൂർ സ്വദേശികളായ ആറ് പേരാണെന്ന മൊഴികളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് പിന്നിൽ ദീർഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിക്കുന്നത്.
കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ട് വിദേശത്തേക്കു പോവാൻ സാങ്കേതിക തടസമുള്ളതിനാൽ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറാനും ആലോചനയുണ്ട്.
അന്വേഷണത്തിൽ പലരും പിടിയിലായെങ്കലും കൊലപാതകിയും കേസുമായി നേരിട്ട് ബന്ധമുളളവരും ഇപ്പോഴും ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ ജാഗ്രതക്കുറവുണ്ടായതാണ് പ്രതികളെ പിടികൂടാൻ കഴിയാത്തത്തെന്നാണ് ആക്ഷേപം. അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇരുനൂറിലധികം പേരുടെ വിവരശേഖരം പൊലീസ് തയാറാക്കിക്കഴിഞ്ഞു.
https://www.youtube.com/watch?v=la31nmEOWtQ