കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും താലിബാൻ പ്രവർത്തകരാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സർക്കാരും വെടിനിർത്തൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെയാണ് നാംഗഹാർ പ്രവിശ്യയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലയാണ് നാംഗഹാർ. വെടിനിർത്തലിന് പിന്നാലെ താലിബാൻ അംഗങ്ങളും അഫ്ഗാൻ സേനയും പലയിടത്തും ഒരുമിച്ചു കൂടി ഈദ് ആശംസകൾ കൈമാറിയിരുന്നു. ആഘോഷങ്ങളിലും പങ്കു ചേർന്നു. താലിബാനൊപ്പം അഫ്ഗാൻ സൈനികരുടെ സെൽഫികൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെത്തി. അത്തരമൊരു ആഘോഷത്തിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്.
രാജ്യത്ത് നിലനിൽക്കുന്ന വെടിനിർത്തൽ നീട്ടിവെക്കുകയാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനി അറിയിച്ചു. ഒൻപത് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ അറിയിപ്പെത്തിയത്. എന്നുവരെയാണ് വെടിനിർത്തലെന്ന് വ്യക്തമാക്കിയിട്ടില്ല.
താലിബാനിൽ നിന്നും അനുകൂല പ്രതികരണമാണുണ്ടാകുകയെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച മുതലായിരുന്നു താലിബാന്റെ മൂന്നു ദിവസത്തെ വെടിനിർത്തൽ. ഈദിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ തീരുമാനത്തിന് രാജ്യത്ത് വൻ പിന്തുണയാണു ലഭിച്ചത്.