കാസർകോട് അഡൂർ പാണ്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലി കൊടുങ്കാറ്റിൽ ലക്ഷങ്ങളുടെ നാശ നഷ്ടം. 10 മിനിറ്റോളം വീശിയടിച്ച കാറ്റിൽ നൂറ് കണക്കിന് മരങ്ങൾ കടപുഴകി നിരവധി കെട്ടിടങ്ങളും നിലംപൊത്തി.
ചുഴലിക്കാറ്റ് എന്നത് കേട്ട് കേൾവി മാത്രമായിരുന്നു പാണ്ടി പ്രദേശത്തുകാർക്ക്. എന്നാൽ 10 മിനിറ്റ് നിർത്താതെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് നേരിട്ടനുഭവിച്ച സ്കൂൾ കുട്ടികളും നാട്ടുകാരം ഭയന്ന് വിറച്ചു. പ്രദേശത്തെ ബസ് വെയ്റ്റിംഗ് ഷെഡും കടകളും വീടുകളും മരങ്ങളും നിമിഷ നേരം കൊണ്ട് തകര്‍ന്നു എന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപെടുത്തുന്നു.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനങ്ങൾ അടുത്തടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തകർന്ന വീടുകളിൽ താമസിക്കാൻ കഴിയാത്തവരെ നാട്ടുകാരുടെ സഹായത്തോടെ രാത്രി സ്കൂളുകളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു പത്ത് മിനിറ്റ് വീശിയടിച്ച കാറ്റിൽ ഈ പ്രദേശത്ത് 50 ലക്ഷത്തിലേറെ രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു