“സ്മൃതി ഇറാനിയുടെ ബിരുദം ഇനി നെഹ്റു എങ്ങാനും എടുത്തോ?” സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍

Jaihind Webdesk
Friday, April 12, 2019

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നതിനിടെ മന്ത്രിയെ ട്രോളി ഷാഫി പറമ്പില്‍ എം.എല്‍.എ രംഗത്ത്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനി നാമനിർദേശപത്രിക സമർപ്പിച്ചപ്പോള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിലാണ് തന്‍റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണെന്ന് ഉറപ്പിച്ചത്. ഇതോടെയാണ് സൈബര്‍ ലോകത്ത് ഇത് ചര്‍ച്ചാ വിഷയമായത്.

2014ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത ബിരുദമായിരുന്നു. ഇത് 2019 ആയപ്പോള്‍ പ്ലസ് ടു ആയി മാറിയതിലെ വൈരുദ്ധ്യമാണ് സൈബര്‍ ലോകം പരിഹാസരൂപേണ ആഘോഷിക്കുന്നത്. ഇതേതുടര്‍ന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ കേന്ദ്രമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയിലെ മാറ്റത്തെ ട്രോളി രംഗത്തെത്തിയത്. ബിരുദം നേടിയെന്ന് സ്മൃതി ഇറാനി അവകാശപ്പെടുന്ന 2014-ലെ വാര്‍ത്തയുടെയും, ബിരുദമില്ലെന്ന് സമ്മതിക്കുന്ന 2019-ലെ വാര്‍ത്തയുടെയും ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഷാഫി പറമ്പില്‍ ട്രോളുമായി എത്തിയിരിക്കുന്നത്.

തിരക്കിനിടയിൽ എവിടേലും കളഞ്ഞതാവും. അല്ലാതെ 2014-ല്‍ ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആകുമോ എന്ന് പോസ്റ്റില്‍ പറയുന്നു. ഇനി നെഹ്റു എങ്ങാനും എടുത്തോ എന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

“ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി ..
തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ്‌ പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ ?

ഇനി നെഹ്‌റു എങ്ങാനും എടുത്തോ എന്തോ… ‘  ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍റെ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണെന്നായിരുന്നു 2014 മുതല്‍ കേന്ദ്രമന്ത്രിയുടെ അവകാശവാദം. എന്നാലിപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത എന്നും വ്യക്തമാക്കിയിരിക്കുന്നത്. 1991 ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കുന്നത്. 1994 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.കോം കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്ക് 4.71 കോടി രൂപ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. 2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പിച്ചിരുന്നു.[yop_poll id=2]