സിഗ്‌നൽ തകരാറിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. പാളത്തിൽ എഞ്ചിൻ കുടുങ്ങിയതിനെ തുടർന്നാണ് ആട്ടോമേറ്റഡ് സിഗ്‌നൽ സംവിധാനം തകരാറിലായത്. യാർഡിൽ നിന്ന് കൊണ്ടുവന്ന എഞ്ചിൻ രാവിലെയാണ് പാളത്തിൽ കുടുങ്ങിയത്.
രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ് 12 മണി വരെ സ്റ്റേഷനിൽ പിടിച്ചിട്ടു. തുടർന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി ഈ ട്രെയിൻ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ഇന്റർസിറ്റി എക്‌സപ്രസ് രണ്ട് മണിക്കൂറോളം പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടു. മലബാർ എക്‌സ്പ്രസ്, ജയന്തി ജനത, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.