ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടി ദുരിതത്തിനിടയിലും മോദി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നതിന്റെ തെളിവ്: കെ.സി.വേണുഗോപാല്‍

Jaihind News Bureau
Friday, May 14, 2021

ന്യൂഡല്‍ഹി: ജനങ്ങളുടെ ദുരിതത്തിന് നേരെ കണ്ണടച്ച്, കുറ്റകരമായ മൗനം തുടരുന്ന മോദി സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്നവരെ തളര്‍ത്താനാണ് ഔല്‍സുക്യം കാണിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടി ദുരിതത്തിനിടയിലും രാഷ്ട്രീയ പകപോക്കല്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമായിരുന്ന നൂറുകണക്കിന് പേര്‍ക്ക് ഓക്‌സിജനും, ഐ.സി.യു ബെഡും ലഭ്യമാക്കാന്‍ രാപകലില്ലാതെ സേവനനിരതനായ വ്യക്തിയാണ്് ശ്രീനിവാസ്‌. രാജ്യത്തിന്റെ ഓക്‌സിജന്‍ മാന്‍ എന്നുപോലും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വ്യക്തി. അങ്ങനെയുള്ള ശ്രീനിവാസിനെ ചോദ്യം ചെയ്ത ഡല്‍ഹി പോലീസ് നടപടിയെ എന്ത് പേരിട്ടു വിളിക്കണമെന്ന് മനസിലാവുന്നില്ല.

പകപോക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനും, ഓക്‌സിജന്‍ ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ വിലപ്പെട്ട ഒട്ടേറെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു. പോലീസിനെ ഉപയോഗിച്ച് ശ്രീനിവാസിനെയും, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ തളര്‍ത്താമെന്നുള്ളത് വെറും വ്യാമോഹമാണ്. തീയില്‍ കുരുത്ത ഈ പ്രസ്ഥാനം ഈ വാറോലകള്‍ കണ്ടു ഭയപ്പെടുമെന്ന് ആരും കരുതേണ്ടെന്നും കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.