വറചട്ടിയില്‍ നിന്ന് ഗിന്നസ് ബുക്കിലേക്ക്…!

വറചട്ടി ഒരു വിരലില്‍ വട്ടം കറക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് തലശേരി ചൊക്ലി സ്വദേശി ഫായിസ് നാസർ. വിസ്താരമുള്ള ഫ്രൈയിംഗ് പാൻ ഒറ്റ വിരലിൽ നാൽപത് മിനിറ്റും മൂന്ന് സെക്കൻഡും തുടർച്ചയായി വട്ടം കറക്കിയാണ് ഈ തലശേരിക്കാരൻ ഗിന്നസ് ബുക്കിൽ ഇടം നേടിയ പ്രകടനം നടത്തിയത്.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് ഫായിസ് നാസർ റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്. വിസ്താരമുള്ള വറചട്ടി ഒരു വിരലില്‍ കറക്കി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ഫായിസ് നാസർ പുറത്തെടുത്തത്. വറചട്ടി ഒരു മിനിറ്റെങ്കിലും   വിരലില്‍ ബാലന്‍സ് ചെയ്ത് കറക്കുക എന്നത് വിഷമകരമായ ജോലിയാണ്. അപ്പോഴാണ് കാണികള്‍ക്ക് മുന്നിൽ കസേ രയിൽ ഇരുന്ന് കൊണ്ട് ഫായിസ് വറചട്ടി 40 മിനിറ്റ് നേരം ഏകാഗ്രതയോടെ കറക്കിയത്!

ഫായിസിന്റെ പ്രകടനം ശ്വാസം അടക്കിപിടിച്ചാണ് കാണികൾ കണ്ടത്. പ്രകടനം പൂര്‍ത്തിയാക്കിയപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെ കാണികള്‍ ആഹ്ലാദം പങ്കുവെച്ചു . ഒറ്റ വിരലിൽ ഫ്രൈയിംഗ് പാൻ നാൽപത് മിനിറ്റും മൂന്ന് സെക്കൻഡും തുടർച്ചയായാണ് ഫായിസ് വട്ടം കറക്കിയത്. പാകിസ്ഥാൻ സ്വദേശി ജാവേദ് ഇഖ്ബാലിന്റെ 35 മിനുട്ടിന്റെ റെക്കോർഡാണ് ഫായിസ് മറികടന്നത്.

ഒഴിവു സമയങ്ങളിൽ വിനോദമായാണ് വറചട്ടിയും പാത്രവും ഫായിസ് കറക്കി തുടങ്ങിയത്. യു.ആർ.എഫ് ഒഫിഷ്യൽ ജൂറി സുനിൽ ജോസഫ് ഗിന്നസ് റെക്കോർഡിനായുളള ഫായിസിന്റെ പ്രകടനം നിയന്ത്രിച്ചു.  സ്ക്കൂളിൽ പഠിക്കുമ്പോൾ പുസ്തകം വട്ടം കറക്കിയിരുന്ന ഫായിസിന്‍റെ പ്രകടനം കാണാൻ സഹപാഠികളും സുഹൃത്തുക്കളും എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ഫായിസിന്റെ ഗിന്നസ് റെക്കോര്‍ഡ് പ്രകടനം.

അബുദാബിയിൽ ജോലി ചെയ്യുന്ന ഫായിസ് നാട്ടിൽ അവധിയിൽ വന്നപ്പോൾ ഇങ്ങനെ ഒരു പ്രകടനം നടത്തിയാലോ എന്ന് ആലോചിക്കുകയും സുഹൃത്തുക്കളുമായി അത് പങ്ക് വെക്കുകയുമായിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് ഫായിസിന്റെ വിവാഹം . ഗിന്നസ് ബുക്ക് അധികൃതരുടെ സർട്ടിഫിക്കറ്റ്  ഫായിസിന്റെ മണവാട്ടിക്ക് സമ്മാനമായി നൽകാനുള്ള ഒരുക്കത്തിലാണ്  പുയ്യാപ്ലയുടെ വീട്ടുകാർ.

Guinness RecordFrying PanFayiz Nazer
Comments (0)
Add Comment