പ്രധാനമന്ത്രി നരേന്ദ്ര മോദി റുവാണ്ടയില്‍; നാളെ ഉഗാണ്ടയിലേക്ക്

Jaihind News Bureau
Tuesday, July 24, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെത്തി. റുവാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേൽപ്പാണു ലഭിച്ചത്. 27 വരെ നീളുന്ന ആഫ്രിക്കൻ പര്യടനത്തിൽ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. റുവാണ്ടൻ പ്രസിഡൻറ് പോൾ കഗാമേയുമായി ഇന്നു ചർച്ച നടത്തും. റുവാണ്ട പ്രസിഡന്‍റ് പോൾ കാഗമിന് 200 പശുക്കളെ മോദി സമ്മാനമായി നൽകും. ഗിരിങ്ക പദ്ധതിയുടെ ഭാഗമായാണ് പശുക്കളെ സമ്മാനമായി നൽകുന്നത്. പാവപ്പെട്ട കുടുംബങ്ങൾക്കായി റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണിത്. ഒരു കുടുംബത്തിന് ഒരു പശു എന്നതാണ് പദ്ധതിയുടെ ആശയം. ഇതിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് 200 പശുക്കൾ.

അതേസമയം, യാത്രയ്ക്കിടെ ദക്ഷിണാഫ്രിക്കയിൽ വച്ച് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിംഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഈ വർഷം ഇരുവരും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. റുവാണ്ടയിൽ നിന്നും നാളെ ഉഗാണ്ടയിലേക്ക് പോകുന്ന മോദി ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിനായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്.