നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്കുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എം.എം ഹസന്‍

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും എന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമത്തിന് ചരമക്കുറിപ്പ് എഴുതുകയാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.

മുപ്പത് വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്മാര്‍ക്കും റിയല്‍എസ്റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിയമസഭയില്‍ ഭേദഗതി പാസാക്കിയാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്ന് ഹസന്‍ മുന്നറിയിപ്പു നല്കി.

നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്ക് പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പുതിയ വിഭാഗം കൂടി ഭേദഗതിയില്‍ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാപനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുത് ഉപയോഗിച്ച് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്താനാകും. ഇതു ഭൂരാജാക്കന്മാര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ കാവല്‍ക്കാരായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക സമിതികളെ നോക്കുകുത്തികളാക്കുന്ന ഭേദഗതിയും ദുഷ്ടലാക്കോടെയാണ്. പൊതുആവശ്യങ്ങള്‍ക്ക് നികത്തലാകാം എന്ന ഭേദഗതിയും ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യത ഏറെയാണ്.

നിലവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം നികത്തലിന് അനുമതി ലഭിക്കുമായിരുന്നത് മാറ്റി സര്‍ക്കാരിന് ഏതെങ്കിലും ഒരു സമിതിയുടെ റിപ്പോര്‍ട്ട് മതി എന്ന് ഭേദഗതി ചെയ്യുകയാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍.ഡി.ഒമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥയും ദോഷകരമാണ്. നിലംനികത്തിലിനെതിരെ പരാതി നല്കാന്‍ 5000 രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥ കേട്ടുകേഴ്‌വിപോലും ഇല്ലാത്തതാണ്.

കേരളത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഈ നിയമഭേദഗതിക്കെതിരേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും രംഗത്തുവരേണ്ടത് ആവശ്യമാണെന്നും എം.എം ഹസന്‍ പറഞ്ഞു.

wet landpaddy landM.M Hassan
Comments (0)
Add Comment