ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായിമാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, February 6, 2019

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വംബോര്‍ഡിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് മാത്രമാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും വിശ്വാസികളുടെ വികാരത്തെ ഉയര്‍ത്തിക്കൊണ്ടുപോകാനും ആകാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയം ഉയര്‍ന്നുവന്ന സമയത്തുതന്നെ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയും നിലപാടുകളില്‍ ചാഞ്ചാട്ടം ഉണ്ടാകുകയും ചെയ്തതാണ് ബോര്‍ഡിന് -മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
ശബരിമല വിഷയം രാഷ്ട്രീയവത്കരിച്ചത് പിണറായി വിജയനാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലെ പരാജയം മറച്ചുവെയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. രമ്യമായി പരഹരിക്കാന്‍ പലവഴികളും ഉണ്ടായിട്ടും സര്‍ക്കാര്‍ ആ നടപടികള്‍ സ്വീകരിച്ചില്ല. റിവ്യു ഹര്‍ജി നല്‍കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ് – മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.