ദുബായ് തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ രാഹുല്‍ഗാന്ധിയെ ‘നെഞ്ചിലേറ്റിയ’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Elvis Chummar
Sunday, April 16, 2023

ദുബായ് : ദെയ്റയില്‍ കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ രാഹുല്‍ഗാന്ധിയെ നെഞ്ചിലേറ്റിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . രാഹുല്‍ ഗാന്ധിയുടെ 2019 ലെ ദുബായ് പൊതുസമ്മേളനത്തില്‍ ഭാര്യയോടൊപ്പം റിജേഷ് പങ്കെടുത്തിരുന്നു. റിജേഷിന്‍റെ മരണ ശേഷം, ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍ 2019 ജനുവരിയില്‍ നടന്ന പരിപാടിയില്‍ ജനലക്ഷങ്ങള്‍ക്കൊപ്പം, മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് ( 38 ) , ഭാര്യ കണ്ടമംഗലത്ത് ജിഷി ( 36 ) എന്നിവര്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. അന്ന് രാഹുല്‍ഗാന്ധിയുടെ ടീഷര്‍ട്ട് ധരിച്ചെത്തിയ റിജേഷ് , ജയ് വിളിച്ച് ആവേശം പങ്കുവെച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മലപ്പുറത്തുകാരായ നിരവധി പ്രവാസികളെ അന്ന് രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ സ്‌റ്റേഡിയത്തിലേക്ക് റിജേഷ് മുന്‍കൈയെടുത്ത് കൊണ്ടു പോയിരുന്നു. കൂടാതെ, യുഎഇയിലെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇദേഹം സജീവ സാന്നിധ്യമായിരുന്നു.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന റിജേഷ് യുഎഇയിലെ ഇന്‍കാസിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഭാര്യ ജിഷി സ്‌കൂള്‍ അധ്യാപികയായിരുന്നു. ദുബായ് അഗ്നിബാധയില്‍ ആദ്യം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ മരണവും ഇരുവരുടെയുമായിരുന്നു. ആകെ 16 പേരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റ ഒമ്പത് പേര്‍ സുഖം പ്രാപിച്ച് വരുന്നു.