ടി.പി വധത്തില്‍ സി.പി.എമ്മിന്‍റെ പങ്ക് പകല്‍ പോലെ വ്യക്തം, വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയായാല്‍ എങ്ങനെ നീതി നടപ്പാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, May 4, 2020

Mullapaplly-Ramachandran

 

ടി.പി ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം വഹിച്ചവര്‍ ഇനിയും നീതിപീഠത്തിന് മുന്നിലെത്തിയിട്ടില്ലെന്ന് കെപി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും വലയ്ക്ക് പുറത്താണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  കേരള മനസാക്ഷിയെ പിടിച്ചുലച്ച  കൊലപാതകത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിന്‍റെ പങ്ക് പകല്‍ പോലെ യാഥാര്‍ത്ഥ്യമാണ്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിലിറങ്ങി സുഖ ജീവിതം നയിക്കുന്നു. പ്രതികള്‍ക്ക് വി.ഐ.പി പരിരക്ഷ നല്‍കിയാണ് മുഖ്യമന്ത്രി തന്നെ അവരെ സംരക്ഷിക്കുന്നത്. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടന്നാല്‍ സി.പി.എമ്മിലെ പല മാന്യന്‍മാരുടെയും വികൃതമുഖം പൊതുജനത്തിന് തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്ന് കരുതപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ മുഖ്യപ്രതി സി.പി.എം സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായാല്‍ ഈ നാട്ടില്‍ നീതിയും സമാധാനവും എന്ന് പുന:സ്ഥാപിക്കുമെന്നും അദ്ദേഹം  ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സഖാവ്: ടി.പി.ചന്ദ്രശേഖരനെ എന്തിന് വെട്ടി കൊന്നു?

സഖാവ്: ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടുവര്‍ഷമാകുമ്പോള്‍ കേരളം ഇത് ആവര്‍ത്തിച്ചു ചോദിക്കുന്നു. ഇന്നുവരെ സി.പി.എം മറുപടി നല്‍കിയിട്ടില്ല. ചങ്ങാത്ത മുതലാളിത്വത്തിന് ഒപ്പം ചേരുന്ന സി.പി.എമ്മിന്റെ നയവ്യതിയാനങ്ങളെ ശക്തമായി എതിര്‍ത്തതും ചൂണ്ടികാണിച്ചതുമാകാം ടി.പി.ചന്ദ്രശേഖരന്‍ ചെയ്ത തെറ്റ്.

നാടിന്റെ ഓമനകളായിരുന്ന എടയന്നൂര്‍ ഷുഹൈബ്, പെരിയയിലെ ശരത്‌ലാലും കൃപേഷും അരിയില്‍ ഷുക്കൂര്‍ തുടങ്ങി സി.പി.എമ്മുകാര്‍ സമീപകാലത്ത് കൊന്നൊടുക്കിയവരുടെ ലിസ്റ്റ് നീളുകയാണ്.
കേരളം ആദ്യം കണ്ട മൃഗീയകൊലപാതകം ടി.പി.ചന്ദ്രശേഖരന്റെതായിരുന്നു.

കേരളം വിറങ്ങലിച്ച് പോയ ടി.പി.ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം വഹിച്ചവര്‍ ഇനിയും നീതി പീഠത്തിന് മുന്നിലെത്തിയിട്ടില്ല. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും വലയ്ക്ക് പുറത്താണ്. കേരള മനസാക്ഷിയെ പിടിച്ചുലച്ച ഈ കൊലപാതകത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് പകല്‍ പോലെ യാഥാര്‍ത്ഥ്യമാണ്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിലിറങ്ങി സുഖം ജീവിതം നയിക്കുന്നു. പ്രതികള്‍ക്ക് വി.ഐ.പി പരിരക്ഷ നല്‍കിയാണ് മുഖ്യമന്ത്രി തന്നെ അവരെ സംരക്ഷിക്കുന്നത്. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടന്നാല്‍ സി.പി.എമ്മിലെ പല മാന്യന്‍മാരുടെയും വികൃതമുഖം പൊതുജനത്തിന് തിരിച്ചറിയാന്‍ സാധിക്കും.

ടി.പി. ചന്ദ്രശേഖരന്റെ അകാല അന്ത്യത്തെ തുടര്‍ന്ന് അനാഥമായ ഒരു കുടുംബമുണ്ട്. അസാമാന്യമനക്കരുത്തോടെ വിപദ് സാഹചര്യങ്ങളോട് പൊരുതി നിന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നി കെ.കെ.രമയ്ക്ക് കേരളത്തിന്റെ ബിഗ് സലൂട്ട്.

കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്ന് കരുതപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ മുഖ്യപ്രതി സി.പി.എം സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായാല്‍ ഈ നാട്ടില്‍ നീതിയും സമാധാനവും എന്ന് പുന:സ്ഥാപിക്കും?

യാഥാര്‍ത്ഥ പോരാളികളെ നിങ്ങള്‍ക്ക് കൊല്ലാം.. പക്ഷെ തോല്‍പ്പിക്കാനാവില്ല..

ഇനിയൊരു കുടുംബവും അനാഥമാകാതിരിക്കട്ടെ….