ജനങ്ങളെ വിറപ്പിച്ച കാട്ടാനകളെ കാടുകയറ്റി

പാലക്കാട് പറളി ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ കാടുകയറ്റി വിട്ടു. വെള്ളിയാഴ്ച പകൽ മുഴുവൻ പറളിയെ വിറപ്പിച്ച ആനകളെയാണ് കാടുകയറ്റിയത്. ഭാരതപ്പുഴയിൽ നിന്ന് തുരത്തിയ കാട്ടാനകളെ മുണ്ടൂർ പഞ്ചായത്തിലെ വള്ളിക്കോടൻ മലയിലേക്കാണ് കയറ്റിയത്.

മുണ്ടൂർ, പെരിങ്ങോട്ടുക്കുറിശി, ലക്കിടി, തിരുവില്വാമല ഭാഗത്താണ് കാട്ടാനകൾ വ്യാഴാഴ്ച ഇറങ്ങിയത്. കമ്പ വള്ളിക്കോട് ഭാഗത്തു നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ആനകൾ റെയിൽപ്പാളം കടന്ന് പറളിയിൽ എത്തിയത്. പറളി പുഴയിൽ സംസ്ഥാന പാതയിലെ മേൽപ്പാലത്തിന് സമീപം നിലയുറപ്പിച്ച ആനകൾ വെള്ളിയാഴ്ച പകൽ മുഴുവൻ ഭാരതപ്പുഴയിൽ കഴിച്ചുകൂട്ടി. മങ്കര പോലീസും വനംവകുപ്പും സ്ഥലത്തെത്തി ഈ ഭാഗത്തെ ജനസഞ്ചാരം നിയന്ത്രിച്ചു.

പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരിയുടെ നേതൃത്വത്തിൽ അമ്പതോളം വനംവകുപ്പ് ഉദ്യോസ്ഥരും ആനകളെ തുരത്താൻ പ്രത്യേകം പരിശീലനം നേടിയ ട്രാക്കേഴ്‌സും ദ്രുതകർമസേനയും സ്ഥലത്തെത്തി. ലോഞ്ചർ ഉപയോഗിച്ച് റോക്കറ്റിനകത്തുള്ള പടക്കം പൊട്ടിച്ചും സൈറണുകളുപയോഗിച്ച് ശബ്ദമുണ്ടാക്കിയുമാണ് ആനകളെ തുരത്തിയത്.

കാട്ടാനകൾ പറളി പുഴയിൽ നിലയുറപ്പിച്ചതിനാൽ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകിയിരുന്നു. ഭാരതപ്പുഴയിൽ നിന്ന് തുരത്തിയ കാട്ടാനകളെ മുണ്ടൂർ പഞ്ചായത്തിലെ വള്ളിക്കോടൻ മലയിലേക്കാണ് കയറ്റിവിട്ടത്.

palakkadwild elephant
Comments (0)
Add Comment