ക്വാറന്‍റീനിലായിരുന്ന കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ പരിശോധനഫലം നെഗറ്റീവ്; ടി.എന്‍ പ്രതാപന്‍ എം.പി, രമ്യ ഹരിദാസ് എം.പി, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്ക് കൊവിഡ് ഇല്ല

Jaihind News Bureau
Tuesday, May 19, 2020

 

ടി.എന്‍ പ്രതാപന്‍ എം.പി, രമ്യ ഹരിദാസ് എം.പി, അനില്‍ അക്കര എംഎല്‍എ എന്നിവരുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്‌. ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. വാളയാറില്‍ അതിര്‍ത്തി കടന്നെത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ   ജനപ്രതിനിധികള്‍ നിരീക്ഷണത്തിലായിരുന്നു.

അതേസമയം കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മന്ത്രി എ.സി മൊയ്തീന് ക്വാറന്‍റീന്‍ വേണ്ടെന്നായിരുന്നു  മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.  മന്ത്രി  സന്ദര്‍ശിച്ച ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ടി.എന്‍ പ്രതാപന്‍ എം.പിയും അനില്‍ അക്കര എംഎല്‍എയും ഇന്ന് 24 മണിക്കൂര്‍ ഉപവാസസമരത്തിലാണ്.

മന്ത്രിക്ക് ഒരു നീതിയും യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി  പറഞ്ഞു. സമൂഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് ബോധമുള്ളവരാണ് തങ്ങള്‍. അതുകൊണ്ടാണ് പരിശോധനയ്ക്ക് സ്വയം തയാറായത്. സമൂഹത്തോടാണ് വിധേയത്വമെങ്കിൽ മന്ത്രിയും സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.