കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രതിസന്ധികൾക്ക് നടുവിലൂടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണ് കെ കരുണാകരനെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പാർട്ടിയുമായി വിട്ടുനിന്നപ്പോഴും കോണ്‍ഗ്രസുകാരനായാണ് ലീഡർ ജീവിച്ചതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി ആസഥാനമായ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച കെ കരുണാകരൻ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.
നിശ്ചയദാർഢ്യം, ആത്മാർഥത, നിർഭയത്വം, സാഹസികത എന്നിവയെല്ലാം ഒരുപോലെ പ്രകടിപ്പിച്ച നേതാവായിരുന്നു ലീഡർ കെ കരുണാകരൻ എന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടു. ഭരണാധികാരി എന്ന നിലയിൽ കെ കരുണാകരന്റെ വികസന അടയാളങ്ങൾ കേരളത്തിൽ ഉടനീളം കാണാന്‍ കഴിയും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പാർട്ടിയെ വളർത്തിയതിൽ ലീഡറുടെ കഠിനാധ്വാനം വളരെ വലുതാണെന്ന് കെ. പി. സി.സി പ്രസിഡന്റ് എം.എം ഹസൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന രംഗത്ത് അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്.
എന്നും പാർട്ടിയുടെ നന്മ മാത്രം ആഗ്രഹിച്ച നേതാവായിരുന്നു കെ കരുണാകരനെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ അനുസ്മരിച്ചു.
ലീഡറുടെ മകൻ കെ മുരളീധരൻ എം.എൽ.എയ്ക്ക് പുറമെ കൊടിക്കുന്നിൽ സുരേഷ് എം.പി, വി.എസ് ശിവകുമാർ എം.എൽ.എ, നേതാക്കളായ തമ്പാനൂർ രവി, എൻ ശക്തൻ, പന്തളം സുധാകരൻ, ടി ശരത്ചന്ദ്രപ്രസാദ്, കെ.പി അനിൽകുമാർ, പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തു.