ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചു; ഭക്ഷ്യ എണ്ണകളുടെ വില കൂടും

Jaihind News Bureau
Friday, June 15, 2018

അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. ഇതോടെ ഭക്ഷ്യ എണ്ണയ്ക്ക് ഇനി വില കൂടും. സോയ ഓയിൽ, സൺഫ്ളവർ ഓയിൽ, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയത്.

സോയ ഓയിലിന്റെയും സൺ ഫ്ളവർ ഓയിലിന്റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തിൽ നിന്ന് 45 ശതമാനമായാണ് ഉയർത്തിയത്.കടുകെണ്ണയുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനവുമാകും.
പാമോയിലിന്റെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സർക്കാർ വർദ്ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഇപ്പോൾ ഈടാക്കുന്നത് 54 ശതമാനം തീരുവയാണ്. പ്രാദേശിക കർഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ നടപടി. രാജ്യത്തിന് ആവശ്യമുള്ളതിൽ 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്.

പെട്രോൾ, ഡീസൽ എന്നിവയ്ക്കു പുറമെ പച്ചക്കറി വിലയും ഇന്ത്യയിൽ ഉയർന്ന നിലയിലാണ്. പച്ചക്കറി വില 2.51ശതമാനമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 1.60 ശതമാനമാണ് ഈ വർഷത്തെ വർദ്ധനവ്.