ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന്

Jaihind News Bureau
Wednesday, September 18, 2019

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന് ധർമശാലയിൽ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയിൽ ഇന്ന് രാത്രി ഏഴിനാണ് രണ്ടാം ട്വന്‍റി20.

ട്വന്‍റി20 ലോകകപ്പിലേക്കുള്ള ഒരുക്കമാണ് വിരാട് കോഹ്ലിക്കും സംഘത്തിനും. ലോകകപ്പ് മുൻനിറുത്തി പുതിയ താരങ്ങളെ പരീക്ഷിക്കലും പരുവപ്പെടുത്തിയെടുക്കലുമാണ് ലോകകപ്പിനു മുമ്പുള്ള 29 ട്വന്‍റി20 മത്സരങ്ങള്ളിൽ ശ്രമിക്കുന്നതെന്ന് നായകൻ കോഹ്ലി പറഞ്ഞുകഴിഞ്ഞു. അടുത്ത വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിലാണ് അതിവേഗ ക്രിക്കറ്റ് ലോകകപ്പ്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സെമിഫൈനലിൽ തോൽക്കേണ്ടിവന്നതിന്‍റെ വേദന സ്വന്തം നാട്ടിലെ ട്വന്‍റി 20 ലോകകപ്പ് നേട്ടത്തിലൂടെ മറികടക്കാനുള്ള വാശിയിലാണ് കൊഹ്ലിയും സംഘവും. അതിന് മുന്നോടിയായി വിൻഡീസ് പര്യടനത്തിൽ സമ്പൂർണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ട്വന്‍റി20ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് പരമ്പരയും ഇന്ത്യ ആഫ്രിക്കക്കാർക്കെതിരെ കളിക്കും.

പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയിൽ രവി ശാസ്ത്രിക്ക് മികച്ച ജയം അനിവാര്യമാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് നിർണായകമാണ് പരമ്പര. വിൻഡീസിൽ മങ്ങിയ പന്ത് മികവ് കാട്ടിയില്ലെങ്കിൽ ടീമില്‍ ഇടമുണ്ടാകില്ലെന്ന് ശാസ്ത്രി സൂചന നൽകിക്കഴിഞ്ഞു.

കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വർ കുമാറിന്‍റെയും അഭാവത്തിൽ വിൻഡീസിൽ തിളങ്ങിയ നവ്ദീപ് സെയ്നിയാണ് പേസിങ് നിര നയിക്കുന്നത്. ക്യാപ്റ്റൻ ക്വിന്‍റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിലെ കരുത്തൻ. ഇന്ത്യയിൽ മികച്ച റെക്കോഡാണ് വിക്കറ്റ് കീപ്പർക്ക്. പേസർ കഗീസോ റബാദ നയിക്കുന്ന ബൗളിങ് സംഘം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പരീക്ഷണമാകും.