അശ്വാരൂഢസേനയിലെ കുതിരകൾക്ക് 56.88 ലക്ഷം മുടക്കി തീറ്റ വാങ്ങിയ സംഭവം: സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്

Jaihind News Bureau
Wednesday, April 29, 2020

 

അശ്വാരൂഢസേനയിലെ കുതിരകൾക്ക് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും തീറ്റ വാങ്ങിയ സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. തീറ്റ വാങ്ങിയ സ്ഥാപനത്തിന് ധാന്യങ്ങൾ വിതരണം ചെയ്യാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും ബോർഡ് പോലും വയ്ക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും സൂചന.

ചരിത്രത്തിലാദ്യമായി ഒരു ഡിജിപി യെ പേരെടുത്ത് പറഞ്ഞ് സിഎജി വിമർശിച്ചിട്ടും ലോക്നാഥ് ബെഹ്റയുടെ ക്രമക്കേടുകൾക്കും വഴിവിട്ട നടപടികൾക്കും സർക്കാർ ഇപ്പോഴും പിന്തുണ നൽകുന്നു എന്നതിന്റെ തെളിവുകൾ കൂടിയാണ് പുറത്തുവരുന്നത്. 2019- 20 വർഷത്തിൽ കുതിരക്ക് തീറ്റ വാങ്ങാൻ സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ കരാർ സാധൂകരിച്ചുള്ള ഉത്തരവിൽ ഡിജിപി ലോക് നാഥ് ബെഹ്റയ്ക്ക് താക്കീത് നൽകിയെങ്കിലും ഇടപാടിലെ ദുരൂഹതകൾ വർധിക്കുകയാണ്.

നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ സ്വകാര്യ സ്ഥാപനം ധാന്യങ്ങൾ വിതരണം ചെയ്ത കാലത്ത് ലൈസൻസ് ഇല്ലാതെ ആണ് പ്രവർത്തിച്ചത് എന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. അതിനൊടൊപ്പം ബോർഡ് പോലും വെക്കാതെ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് സ്ഥാനം പ്രവർത്തിക്കുന്നത് എന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 2018 മാർച്ചിൽ ലൈസൻസ് കാലാവധി അവസാനിച്ച സ്ഥാപനമാണിത്. ടെൻഡറിൽ ഈ കമ്പനി എങ്ങനെ പങ്കെടുത്തു എന്നതിന് പൊലീസും സർക്കാരും ഉത്തരം പറയേണ്ടിവരും. അതിലുപരി ഡിജിപി ലോക്നാഥ് ബെഹ്റയുടെ വഴിവിട്ട എല്ലാ ഇടപാടുകൾക്കും പിന്തുണ നൽകുന്നത് എന്തുകൊണ്ടെന്നും  വിശദീകരിക്കണ്ടി വരും.