അമ്മ വിഷയത്തിൽ ഇടത് എം.എൽ.എമാരെ പിൻതുണച്ച് സി.പി.എം

മുകേഷിനോടും ഗണേഷ് കുമാറിനോടും വിശദീകരണം തേടണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എം.എൽ.എമാർക്ക് എതിരെ നടക്കുന്നത് രാഷ്ട്രീയ ആക്രമണമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.

താരസംഘടനയായ അമ്മയിൽ നടൻ ദീലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തത്. എം.എൽ.എ മാരായ മുകേഷിന്റെയും ഗണേഷ്‌കുമാറിന്റെയും ഇടപെടലിനെ തുടർന്നാണ് ദിലീപ് വീണ്ടും സംഘടനയിൽ എത്തിയതെന്ന വിമർശനത്തിന് അടിസ്ഥാനമില്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.

അമ്മയിലെ എം.എല്‍.എമാരെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണ്. അമ്മയെ ഭിന്നിപ്പിക്കാനും ദുർബലമാക്കാനും ചില തൽപര കക്ഷികൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. അമ്മയുടെ നേതൃനിരയിൽ ഇരിക്കുന്നവരുടെ രാഷ്ട്രീയം നോക്കിയല്ല ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്ന് സി.പി.എം വ്യക്തമാക്കുന്നു.

അതേസമയം ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ നടപടി അമ്മ സ്ത്രീ വിരുദ്ധരാണെന്ന ആക്ഷേപത്തിന് ഇടയാക്കി. സ്ത്രീസുരക്ഷ യിൽ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട ഒരുസംഘടന അതിന് കളങ്കം ചാർത്തിയെന്ന ആക്ഷേപത്തിന് ഇടയാവു ന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാർഥ്യം ‘അമ്മ’ ഭാരവാഹികൾ തിരിച്ചറിയുകയും, സമൂഹമനഃസാക്ഷിയുടെവിമർശനം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറയുന്നു.

ammamukeshganeshcpm
Comments (0)
Add Comment